Tuesday, June 24, 2014

ഫിഫാ ലോകകപ്പിൽ മലയാളി സാനിധ്യം. കേരളം ആഹ്ലാദത്തിൽ.

ബ്രസീലിലെ ഫിഫാ ലോകകപ്പിൽ നിർണ്ണായക മലയാളി സ്വാധീനം മറനീക്കി പുറത്ത് വന്നിരിക്കുന്നു. റയോ ഡി ജനീറോവിലെ ഫിഫാ ഓഫീസിനു മുന്നിൽ വർഷങ്ങളായി ചായക്കട നടത്തുന്ന മലപ്പുറം സ്വദേശി ഉസ്മാനിക്ക നാടിന്റെ അഭിമാനമായി. സെപ് ബ്ലാറ്റർ ബ്രസീലിൽ വരുമ്പോൾ എന്നും അതിരാവിലെ ഓഫീസിൽ കയറും മുന്നെ ഇവിടെ എത്തി ഒരു സുലൈമാനിയും പഴമ്പൊരിയും കഴിക്കാൻ മറക്കാറില്ല. കഴിഞ്ഞ തവണ കണ്ടപ്പോൾ 'പഹയാ അന്റ സുലൈമാനീ എടയ്ക്ക് എടയ്ക്ക് കുടിക്കാലോ എന്ന് കരുതിയാണു ലോകകപ്പ് തന്നെ ഇങ്ങോട്ടാക്കിയത്' എന്ന് പറയുക ഉണ്ടായത്രേ. കളിക്കാരായ കാക്ക, നെയ്മർ മുതലായവർക്ക് ഇവിടെ പറ്റ് ബുക്ക് ഉള്ളതായും അറിയുന്നു. മലപ്പുറത്ത് നിന്നുള്ള ഒരു കാക്കയ്ക്ക് ഒരു സഹ കാക്കയുമായുണ്ടായ സൗഹൃദമാണു ബ്രസീൽ ദേശീയ ടീമോളം പിന്നീട് വളർന്നത്. നെയ്മർക്ക് പ്രിയപ്പെട്ട നെയ് വട എന്നും സുലൈമാനിക്ക കരുതും കാരണം എപ്പോഴാണു പഹയൻ വരിക എന്ന് പറയാൻ പറ്റില്ലത്രേ.

പണ്ട് പയ്യനായ കാക്ക കടം പറഞ്ഞ് കൽത്തപ്പം തിന്നാൻ വരുമ്പോൾ ഫുഡ്ബോൾ സംബന്ധമായ ചില സംശയങ്ങൾ കൂട്ടുകാരോട് ഉന്നയിക്കുകയും അത് കേട്ട ഉസ്മാൻ കാക്ക പണ്ട് ചെമ്മാട്-പരപ്പനങ്ങാടി ലീഗിൽ സെവൻസ് കളിച്ച് ചില അനുഭവങ്ങളും ചില ടിപ്പുകളും കൊടുക്കുകയുണ്ടായി. അതിൽ പിന്നെ കാക്ക ദേശീയ ടീമിലെക്ക് പറന്ന് കയറുകയായിരുന്നത്രേ. ഇപ്പോഴും കാക്ക ജനീറോവിലെത്തിയാൽ ആദ്യം കടയിൽ വന്ന് സുലൈമാനി കുടിക്കാതെ കുടുംബത്ത് പോലും പോകില്ല. ഉസ്മാൻ കാക്കയോട് ലോകപ്പൈനെ പറ്റി ചോദിച്ചപ്പോൾ ചെമ്മാട് പാടത്ത് നടക്കുന്ന സെവൻസിനോട് ഒക്കില്ല ഇതൊന്നും എന്നാണു പറഞ്ഞത്. എങ്കിലും ലോകമലയാളീകളുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുക ആണു ഉസ്മാനിക്ക.

അർജന്റീനയുടെ പുതിയ കോച്ചിങ്ങ് അസിസ്റ്റന്റ് ആയി അരവിന്ദ് കെജ്രിവാളിനു ക്ഷണം.

സാംബാ നൃത്തത്തിന്റെ അകമ്പടിയോടെ ലോകകപ്പിൽ പന്തുരുളാൻ ലോകം കാതോർക്കുമ്പോൾ അർജന്റീന ടീമില് നിന്ന് അപ്രതീക്ഷിതമായി ഒരു വാർത്ത. കളിയുടെ മൂർച്ച കൂട്ടാൻ മാസങ്ങളായി കഠിന പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന അർജന്റീന ടീമിന്റെ തന്ത്രങ്ങൾക്ക് കരുത്തു പകരാൻ ആം ആദ്മി പാർട്ടിയുടെ നേതാവും ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ താരോദയവുമായ അരവിന്ദ് കെജ്രിവാളിനെ അസിസ്റ്റന്റ് കോച്ച് സ്ഥാനത്തേയ്ക്ക് ക്ഷണിക്കുകയാണു ഉണ്ടായത്. കെജ്രിവാളിന്റെ പരമ്പരാഗത രീതികളിൽ നിന്ന് വേറിട്ട ചിന്തയും തുറന്ന നയങ്ങളും ടീമിന്റെ തന്ത്രങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നാണു അർജന്റീനയുടെ പ്രധാന പരിശീലകൻ സബെല്ലയുടെ വിലയിരുത്തൽ. ദില്ലിയിലെ ചൂടേറിയ രാഷ്ട്രീയത്തിന്റെ തിരക്കിൽ നിന്ന് മാറി നിൽക്കാൻ കെജ്രിവാളിനു സാധിക്കില്ല എന്നാണു കരുതുന്നത്. ഈ വിഷയത്തിൽ കെജ്രിവാളിന്റെ പ്രതികരണം ഇത് വരെ ലഭ്യമല്ല.

അതിവേഗം മുന്നോട്ട് ഇരച്ച് കയറി പൊടുന്നനെ തിരിഞ്ഞ് സ്വന്തം പോസ്റ്റിലേക്ക് നിറയൊഴിക്കുന്ന രീതിയും രണ്ടടി മുന്നേറുമ്പോൾ മൂന്നടി പിന്നിലേക്ക് ഇറങ്ങിക്കളിക്കുകയും ചെയ്യുന്ന പുതിയ തന്ത്രം കെജ്രിവാളിന്റെ ശൈലിയുമായി വളരെ സാമ്യമുള്ളതും അദ്ദേഹത്തിന്റെ ഈ കാര്യത്തിലുള്ള പരിചയവും വീക്ഷണവും ടീമിനു ഗുണം ചെയ്യും എന്നുമുള്ള വിശ്വാസത്തിലാണു സബെല്ല. കാര്യങ്ങൾ ശരിയായി വരികയാണെങ്കിൽ ബ്രസീൽ ലോകകപ്പിലെ ഇന്ത്യൻ സാനിധ്യമാവും അരവിന്ദ് കെജ്രിവാൾ.

ധോണിയുടെ ഉപദേശം തേടി സ്പെയിൻ

ലോകകപ്പിൽ നിന്ന് നിരാശരായി പുറത്തായ മുൻ ലോകചാമ്പ്യന്മാർ സ്പെയിൻ തെറ്റുകൾ തിരുത്താനും പുതിയ തന്ത്രങ്ങൾ മെനയാനുമായി ക്രിക്കറ്റിലെ ലോകചാമ്പ്യന്മാരായ ഇന്ത്യയുടെ ക്യാപ്റ്റൻ ധോണിയെ സമീപിച്ചു. ഇന്ത്യൻ ക്രിക്കറ്റിനെ ഉയരങ്ങളിലേക്ക് നയിച്ച നായകന്റെ അനുഭവജ്ഞാനം തേടിയാണു സ്പെയിനുകാർ റാഞ്ചിയിലെ വീട്ടിൽ ചെന്ന് ധോണിയെ കണ്ടത്. ഇന്ത്യൻ ടീമിൽ സ്വീകരിച്ച തന്ത്രങ്ങൾ തന്നെയാവും സ്പെയിൻ ടീമിനു വേണ്ടിയും ആവിഷ്കരിക്കുക എന്ന് ധോണിയുടെ മീഡിയ മാനേജർ വ്യക്തമാക്കി. 

പ്രധാനമായും ടിക്കി ടാക്ക രീതിയിൽ ടീം വർക്കുമായി ഗോളടിക്കാൻ ശ്രമിക്കുന്ന രീതിയാണു സ്പെയിനിനു വിനയായത് എന്നാണു ധോണിയുടെ അഭിപ്രായം. ഒന്നോ രണ്ടോ പ്രതിഭകളും ബാക്കി 8-10 കുണ്ടന്മാരും എന്ന വിജയകരമായ ഇന്ത്യൻ ഫോർമുല അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി നല്ല കുണ്ടന്മാരെ വാർത്തെടുക്കാനുള്ള ശ്രമം സ്പാനിഷ് ലീഗിലെ ക്ലബ്ബ് ലെവലിൽ തന്നെ തുടങ്ങണം. സ്പാനിഷ് ലീഗിൽ മഞ്ഞ ജേഴ്സിയുള്ള ടീമുകളുടെ അഭാവവും സ്പോൺസർമാരാക്കാൻ പറ്റിയ നല്ല സിമന്റ് കമ്പനികൾ സ്പെയിനിൽ ഇല്ലാത്തതും വെല്ലുവിളികളാണെന്ന് ധോണി പറഞ്ഞു.

കൂടാതെ കളി തുടങ്ങിയാലുടൻ എതിരാളിയുടെ പോസ്റ്റിൽ ഗോളടിക്കാൻ ആക്രാന്തത്തോടെ ഓടി ചെല്ലുന്ന കേളിശൈലി തന്നെ തെറ്റാണ്. കളി പതുക്കെ സ്വന്തം കണ്ട്രോളിൽ കൊണ്ട് വന്ന് അവസാന ഓവറിൽ ഒന്നോ രണ്ടോ സിക്സ് അടിച്ച് ജയിക്കുന്ന അതേ രീതി വേണം ഇവിടെയും പിന്തുടരാൻ. 90 മിനിറ്റ് കഴിഞ്ഞ് ഇഞ്ചുറി ടൈമിൽ മാത്രം ഗോളടിക്കാൻ ശ്രമിക്കുന്ന രീതി ഈ ലോകകപ്പിൽ തന്നെ ചില ടീമുകൾ വിജയകരമായി പ്രാവർത്തികമാക്കിയിട്ടുണ്ട്. ഐ എസ് ആർ ഓ ഇത്തരത്തിൽ ധോണി സ്റ്റൈൽ പിന്തുടർന്നാണു മംഗള്യാൻ വിക്ഷേപിച്ച ഉടനെ എഞ്ചിൻ ഓഫ് ചെയ്ത് ഒരു വർഷത്തിനു ശേഷം ചൊവ്വയുടെ ഭ്രമണപഥത്തിനരുകിൽ വെച്ച് അവസാന നിമിഷം കിട്ടിയാൽ കിട്ടി പോയാൽ പോയി ടെക്നോളജി പ്രകാരം വീണ്ടും ഓൺ ചെയ്യുന്ന ശൈലി സ്വീകരിച്ചിരിക്കുന്നത്.

എതിരാളികളെ കൺഫ്യൂസ് ചെയ്യുന്ന മാറ്റങ്ങളും അത്യാവശ്യമാണു. സെക്കന്റ് ഹാഫിൽ കളിക്കാനിറങ്ങുമ്പോൽ പെട്ടെന്ന് കാസിലാസിനെ ഫോർവേഡും ഇനിയസ്റ്റയെ ഗോളിയുമാക്കി ഇറക്കിയാൽ എതിരാളികളുടെ കണക്ക് കൂട്ടലുകൾ തെറ്റിക്കാം. ഈ രീതിയിലുള്ള തന്ത്രങ്ങൾ പരീക്ഷിക്കുകയും അവസാന നിമിഷം മാത്രം ജയിക്കാൻ ശ്രമിക്കുകയും ചെയ്താൽ കളി തോറ്റാലും എതിരാളികളും സ്വന്തം സപ്പോർട്ടേഴ്സ് പോലും ടെൻഷൻ കാരണം തകർന്ന് പോവുകയും ഇത് വഴി വിമർശനം കുറയുകയും ചെയ്യും എന്നാണു അനുഭവം എന്ന് ധോണി പറഞ്ഞു. ധോണിയുടെ വീട്ടിൽ തന്നെ ഉണ്ടായിരുന്ന സുരേഷ് റയ്നയും രവീന്ദ്ര ജഡേജയും ഇതിനെ ശരി വെക്കുകയും ചെയ്തു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്: ലാറ്റിൻ അമേരിക്ക ആശങ്കയിൽ

സ്വന്തം ലേഖകൻ

സംസ്ഥാനത്ത് കാലവർഷം സ്ഥിരതയാർജ്ജിക്കാത്തതും ശരാശരിയിൽ താഴെ മഴ ലഭിക്കുമെന്ന കണക്ക് കൂട്ടലും ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു. കേരളം വൈദ്യുതിക്കായി ആശ്രയിക്കുന്ന ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നാൽ വൈദ്യുതി വിതരണത്തേയും അത് വഴി മലയാളികളുടെ ലോകകപ്പ് കാണലിനേയും ബാധിക്കും എന്ന ആശങ്കയിൽ ലാറ്റിൻ അമേരിക്കൻ ഓഹരിവിപണി 500 പോയിന്റ് ഇടിഞ്ഞാണു ഇന്നലെ ക്ലോസ് ചെയ്തത്. അർജ്ജന്റീന, ബ്രസീൽ തുടങ്ങിയ പ്രമുഖ രാജ്യങ്ങള് ലോകകപ്പ് ഫുഡ്ബോളിൽ തങ്ങളുടെ കളിയെ പറ്റി ഉള്ള വിശകലനങ്ങൾക്കും പഠനങ്ങൾക്കും പൂർണമായും ആശ്രയിക്കുന്നത് മലയാളികളുടെ സോഷ്യൽ മീഡിയ അപ്ഡേറ്റുകളെ ആണു. ബ്രസീൽ മെക്സിക്കോയ്ക്കെതിരെ സമനിലയിൽ തളയ്ക്കപ്പെട്ടതും അർജന്റീന അവസാന നിമിഷ ഗോളിൽ ഇറാനെതിരെ കടന്ന് കൂടിയതും വേണ്ട സമയത്ത് മലയാളം സോഷ്യൽ മീഡിയകളിൽ നിന്ന് ഉപദേശം കണ്ടെത്തുന്നതിൽ ടീം മാനേജ്മെന്റ് പരാജയപ്പെട്ടത് കൊണ്ടാണെന്നാണു വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ എന്ത് വില കൊടുത്തും മലയാളികൾ കളി കണ്ട് അഭിപ്രായം പറയുന്നു എന്ന് ഉറപ്പ് വരുത്താൻ സൗത്തമേരിക്കൻ സർക്കാറുകൾ അടിയന്തിര നടപടി സ്വീകരിച്ചു. ഇടുക്കി അണക്കെട്ടിൽ പാറക്കല്ലുകൾ ഇട്ടാൽ ജലനിരപ്പ് ഉയർത്താം എന്ന വിദഗ്ദ്ധ ഉപദേശവുമായി ബ്രസീൽ പ്രസിഡന്റ് നരേന്ദ്ര മോദിക്ക് കത്തയച്ചു. ആമസോൺ കാടുകളിലെ പാറമടകളിൽ ആവശ്യത്തിനു കല്ലു ഉണ്ടെങ്കിലും പരിസ്ഥിതി ലോല പ്രദേശമായതിനാൽ ഖനനത്തിനു അനുമതി ലഭിക്കാൻ പ്രയാസമുള്ളതാണു അടിയന്തിരമായി കല്ലുകൾ എത്തിക്കാൻ തടസ്സമായത് എന്നും അല്ലെങ്കിൽ കത്തിന്റെ കൂടെ രണ്ട് ലോഡ് കല്ലും അയക്കുമായിരുന്നു എന്നും കത്തിൽ പറയുന്നു. ഈ പ്രശനം പരിഹരിക്കാൻ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഖനന ലൈസൻസ് തലങ്ങും വിലങ്ങും ഇഷ്യു ചെയ്യുന്ന കേരളാ മോഡൽ ഇക്കാര്യത്തിൽ മാതൃക ആക്കാൻ ബ്രസീലിനു നിയമോപദേശം ലഭിച്ചതായും അറിയുന്നു.

കത്ത് ഹിന്ദിയിൽ അല്ലാത്തതിനാൽ ആവശ്യം പരിഗണിക്കാൻ കഴിയില്ലാ ഹേ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അയച്ച മറുപടിയിൽ പറയുന്നതായും ഇതിനെ പറ്റി മലയാളം സോഷ്യൽ മീഡിയയിൽ അഭിപ്രായം വന്നാൽ ഉടൻ തങ്ങൾ പ്രതികരിക്കുന്നതാനെന്നും ബ്രസീൽ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.

അർജന്റീന ഇന്ന് ഇറാനെതിരെ. മെസ്സിയ്ക്ക് കൂട്ടായി ബോബി ഇറങ്ങും.

ബ്രസീലിയ: എഫ് ഗ്രൂപ്പിലെ ഇന്നത്തെ പോരാട്ടത്തിൽ അർജന്റീന ഏഷ്യൻ പടക്കുതിരകളായ ഇറാനെ നേരിടും. കഴിഞ്ഞ കളിയിൽ ഫോമിലേക്കുയർന്ന മെസ്സിയിലാണു അർജന്റീനയുടെ പ്രതീക്ഷകൾ. ഗ്രൂപ്പിലെ അവസാനഘട്ടത്തിൽ ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരാൻ തയ്യാറാവാതെ അൽപ്പം കൂടി കരുത്ത് പകരാൻ ബോബി ചെമ്മണ്ണൂരിനേയും ഇന്ന് അർജന്റീന ഫോർവേഡ് ആയി ഇറക്കും എന്ന് അറിയുന്നു. വാർത്ത പുറത്ത് വന്നത് മുതൽ ഇറാൻ ടീമിൽ ആശങ്ക പടർന്നിരിക്കുകയാണു.

ഉയരവും കരുത്തും കൂടിയ ഇറാൻ കളിക്കാർക്കെതിരെ ഉള്ള പോരാട്ടത്തിൽ മെസ്സിയ്ക്ക് കളിക്കളത്തിൽ വല്ല സംശയവും വന്നാൽ കളിക്കളത്തിൽ വെച്ച് തന്നെ ഉപദേശങ്ങൾ നൽകുക എന്നുള്ളതാണു ബോബിയുടെ പ്രധാന റോൾ. ഇതിനായി ആത്മ സുഹൃത്ത് മറഡോണയുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. ബോബിയുടെ പ്രസിദ്ധമായ മിന്നൽ സിസർ കട്ട് പുറത്തെടുക്കുമോ എന്നറിയാൻ ഫുഡ്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണു ഇപ്പോൾ. മേൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ ഗ്രൗണ്ടിൽ ആർക്കെങ്കിലും പരിക്ക് പറ്റി രക്തദാനം ആവശ്യമായി വന്നാൽ ഒരു ബാക്കപ്പ് എന്ന നിലയിലും ഈ ലോകക്പ്പിൽ ഫിഫയുടെ പ്രതീക്ഷയാവുകയാണു ബോബി.